Sunday, 22 April 2018

ഏത്തമിടൽ

ഗണപതിഭഗവാന് ഏത്തമിടൽ
***********************
         വിഘ്നങ്ങളൊഴിയാന്‍ ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഭക്തര്‍ക്ക്‌ താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില്‍ പലര്‍ക്കും മടിയാണ് .

 അഥവാ ഏത്തമിട്ടാല്‍പ്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് പേരിന് ഏത്തമിടുക യാണ്  പതിവ്.

“വലം കയ്യാല്‍ വാമശ്രവണവുമിടം കൈവിരലിനാൽ വലം കാതും തൊട്ടക്കഴലിണ പിണച്ചുള്ള നിലയില
നിലം കൈമുട്ടാലെ പലകുറി തൊടുന്നേനടിയനിന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”

 മേലുദ്ധരിച്ച ശ്ലോകത്തില്‍ പറയും പ്രകാരമാണ്  ഗണപതി ഭഗവാനെ ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം.

മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരുപതിവില്ല .എന്നാല്‍ ഗണപതി സന്നിധിയില്‍ ഇത് അതി പ്രധാനവുമാണ്.

ഇടതു കാലിന്‍മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്തു തൊടുവിച്ച് നില്‍ക്കണം. ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്.

സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ എത്തമിടാറുണ്ട്. എങ്കിലും പന്ത്രണ്ട് തന്നെയാണ്  ഉത്തമമെന്നു കരുതുന്നു.  പന്ത്രണ്ട് എന്ന   സംഖ്യ യഥാര്‍ഥത്തില്‍    ദ്വാദശാന്തപദ്മസ്ഥമായ ശിവപദത്തെ സൂചിപ്പിക്കുന്നതാണ്. ശിവപദംനേടാനുള്ള  ഉപാസനയുടെ വ്യത്യസ്തമായ മറ്റൊരു  സാധനയാണ്‌  ഏത്തമിടല്‍ എന്നും പറയാം.
ഇത്തരത്തില്‍ ചെയ്യുന്ന ഭക്തരില്‍ നിന്നും വിഘ്നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം

അമ്പലമണി

*അമ്പലമണിക്കു പിന്നിലെ ശാസ്ത്രം*
🔔🔔🔔🔔🔔🔔🔔🔔🔔🔔
ക്ഷേത്രത്തിലെത്തിയാല്‍ മണി അടിക്കുക എന്നത് ഭക്തരില്‍ പലരും മറക്കാതെ ചെയ്യുന്ന കാര്യമാണ്. ദീപാരാധന സമയത്തും പൂജാവേളയിലും ക്ഷേത്രത്തില്‍ മണി മുഴക്കാറുണ്ട്. ഒരു ആചാരം എന്നനിലയില്‍ ഇങ്ങനെ ചെയ്യുന്നു എന്നതിനപ്പുറം ശാസ്ത്രീയമായ ചില കാരണങ്ങളാണ് ക്ഷേത്രത്തില്‍ മണി അടിക്കുന്നതിനു പിന്നിലുളളത്.

കാഡ്മിയം, നിക്കല്‍, കോപ്പര്‍, സിങ്ക്, ക്രോമിയം, മാംഗനൈസ് തുടങ്ങിയ ലോഹങ്ങള്‍ പ്രത്യക അളവില്‍ ചേര്‍ത്താണ് അമ്പലമണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലെ ഈ പ്രത്യകതകള്‍ കൊണ്ട് അമ്പലമണികള്‍ മുഴക്കുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം മനുഷ്യരുടെ ബ്രെയിനിലെ ഇടതു- വലതു ഭാഗങ്ങള്‍ക്കിടയില്‍ ഒരു ഏകതരൂപപ്പെടുത്തുന്നു. മണിമുഴക്കുമ്പോള്‍ ഉണ്ടാകുന്ന പ്രചോദിപ്പിക്കുന്നതും തുളച്ചുകയറുന്നതുമായ, ഓംകാരത്തെ സൂചിപ്പിക്കുന്ന ശബ്ദം കുറഞ്ഞത് ഏഴു സെക്കന്റെങ്കിലും പ്രതിധ്വനി രൂപത്തില്‍ നമ്മുടെ കാതുകളില്‍ നിലനില്ക്കും. എക്കോരുപത്തിലുളള ഈ ശബ്ദം മനുഷ്യശരീരത്തിലെ എല്ലാ ഹീലിംഗ് സെന്ററുകളെയും ഉണര്‍ത്താന്‍ പര്യാപ്തമാണ്. ഏഴു ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ മനുഷ്യമസ്തിഷ്‌ക്കം അല്പസമയത്തേക്ക് ചിന്തകള്‍ അകന്ന നിലയിലേക്കെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന ഏകാഗ്രതയില്‍ മനസ് ധ്യാനത്തിന്റെ അവസ്ഥയിലേക്ക് ചെന്നെത്തുന്നു. തെറ്റായചിന്തകള്‍ അകന്നു പോകുന്നു. നെഗറ്റീവ് ചിന്തകളെ അകറ്റാനുളള മാര്‍ഗ്ഗമാണ് അമ്പല മണികള്‍..

 മണിമുഴങ്ങുന്ന ശബ്ദം ബ്രെയിനും ശരീരത്തിനും ഏകാഗ്രത നല്‍കി ഉണര്‍വേകുന്നു. ഈശ്വരചിന്തയില്‍ മാത്രം മനസ് അര്‍പ്പിക്കാന്‍ കഴിയണം എന്ന ഉദ്ദ്യേശ്യവും അമ്പലമണികളുടെ പിന്നിലുണ്ട്.

മണിമുഴക്കുന്നതിലൂടെ വിഗ്രഹത്തിലെ ദൈവിക ശക്തി ഉണരുമെന്നും, ഭക്തന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിയും എന്നും ഒരു വിശ്വാസമുണ്ട്. നൂറ് ജന്മങ്ങളിലെ പാപങ്ങളെ ഇല്ലാതാക്കാനുളള കഴിവ് അമ്പലമണികള്‍ക്കുണ്ടെന്നാണ് സ്‌കന്ദപുരാണം പറയുന്നത്.

 ധര്‍മ്മശാസ്ത്രപ്രകാരം കാലത്തിന്റെ ചിഹ്നമാണ് അമ്പലമണികള്‍. പ്രളയത്തിന്റെ ലോകാവസാനകാലത്ത് കോടി മണികളുടെ ശബ്ദം പ്രപഞ്ചത്തെ പ്രകമ്പം കൊള്ളിക്കുമെന്നും പറയുന്നു.

അമ്പലമണിയുടെ ഓരോഭാഗങ്ങളും വ്യത്യസ്ഥ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മണി, ശരീരത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ മണിയുടെ നാവ്, ദേവി സരസ്വതിയെയും പിടിഭാഗം, പ്രാണശക്തിയെയുമാണ് സൂചിപ്പിക്കുന്നത്.

 ഹനുമാന്‍, ഗരുഡന്‍, ചക്രങ്ങള്‍ എന്നിവയെയും അമ്പലമണി പ്രതിനിധാനം ചെയ്യുന്നുണ്ട്.

Saturday, 30 December 2017

തിരുവാതിര


          കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം.ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രംപരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്.

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ,തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.

പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്.

ഐതിഹ്യം
******************  
       ദക്ഷയാഗത്തിൽ ക്ഷണിക്കാതെ പോയ  സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതീദേവിയായി പുനർജനിച്ച്, പരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി പരമേശ്വരനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, അസുരന്മാരുടെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന മാനിച്ച്കാമദേവൻ പുഷ്പബാണം അയക്കുകയും പാർവതിയിൽ അനുരക്തനാകുകയും ചെയ്തു. എന്നാൽ അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു. ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുന്നു. രതീദേവിയുടെവിലാപത്തിൽ ദേവസ്ത്രീകളും ദുഃഖിതരായി നോമ്പെടുത്ത് ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. തുടർന്ന് അദ്ദേഹം പാർവതീദേവിയെ അർദ്ധാംഗിനിയായി സ്വീകരിച്ചു.

       ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.


Thursday, 14 December 2017

വേദങ്ങൾ

              വൈദികസംസ്കൃതത്തിൽ  രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ.     'അറിയുക' എന്ന് അർത്ഥമുള്ള  'വിദ് '  എന്ന വാക്കിൽ നിന്നാ​ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.
വേദമാണു മാനവരാശിക്കു പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത്.  വേദകാലഘട്ടം ക്രിസ്തുവിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു.
സ്വാമി ദയാനന്ദസരസ്വതിയുടെ
(ആര്യസമാജ സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, ഭാരതീയജ്യോതിഷാനുസരണം വേദോല്പത്തി 197കോടി അഥവാ 1.97ബില്യൺവർഷങ്ങൾക്ക് മുൻപാണു. 

          കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം,സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ അഥർ‌വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീത യിലും പറയുന്നു.   വേദമാണ് ഹിന്ദുക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കൾവിശ്വസിക്കുന്നു.

ഋഗ്വേദം
***************
      സ്തുതിക്കുക എന്നർത്ഥമുള്ള 'ഋച്' എന്ന ധാതുവിൽ നിന്ന് ഉണ്ടായ പദമാണ് 'ഋക്". ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു.(ബി.സി.ഇ. 1500-നടുത്തോ അതിനു ശേഷമോ ആയിരിക്കണം ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്). ഇതിലെ കീർത്തനങ്ങളാണ് 'സംഹിതകൾ'. ദൈവത്തോട് പ്രാർത്ഥിക്കുന്നതരത്തിലുള്ള ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്. ഋഗ്വേദത്തെ മാക്സ് മുള്ളർ ഇംഗ്ലീഷിലേയ്ക്കും വള്ളത്തോൾ നാരായണമേനോൻ മലയാളത്തിലേയ്ക്കും വിവർത്തനം ചെയ്തു.10600 പദ്യങ്ങളുള്ള 1028 മന്ത്രങ്ങൾ അഥവാ സൂക്തങ്ങളും 10 മണ്ഡലങ്ങളും ഇതിലുണ്ട്. 'അഗ്നിമീളേ പുരോഹിതം' എന്നാരംഭിക്കുന്ന ഋഗ്വേദം 'യഥ വഹ്സുസഹാസതി' എന്ന് അവസാനിക്കുന്നു. വിശ്വാമിത്രനാൽ ചിട്ടപ്പെടുത്തപ്പെട്ട 'ഗായത്രീമന്ത്രം' ഇതിലെ ആറാം മണ്ഡലത്തിലാണ്. ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് 'പുരുഷസൂക്തം'. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ ബ്രഹ്മാവിന്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു.

യജുർവ്വേദം
******************
    നിരവധി ഗദ്യഭാഗങ്ങളുള്ള വേദമാണിത്. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു. യജുർവേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്റെ ഉപവേദമാണ് ധനുർവേദം. മന്ത്രദേവതാസിദ്ധികൾ, ആയുധവിദ്യകൾ എന്നിവ പരാമർശിക്കപ്പെടുന്നത് ഇതിലാണ്. യജുർവ്വേദം രണ്ടായി അറിയപ്പെടുന്നു അവ ശുക്ളയജുർവ്വേദം കൃഷ്ണയജുർവ്വേദം ഇവയാണ്.

സാമവേദം
***************
     യജ്ഞങ്ങൾ നടക്കുമ്പോൾ സ്തുതിക്കുന്ന അല്ലെങ്കിൽ ആലപിക്കുന്ന മന്ത്രങ്ങളാണ് സാമവേദത്തിൽ ഉളളത്.അവയിൽ പലതും ഋഗ്വേദസംബന്ധിയാണ്.

അഥർവവേദം
*****************
       അഥർവ്വ ഋഷിയുടെ പേരിലാണ് ഈവേദം അറിയപ്പെടുന്നത് ഈവേദത്തെക്കുറിച്ച് അനേകം അന്ധവിശ്വാസം നിലനിൽക്കുന്നു. അഥർവവേദം ഏറിയപങ്കും മറ്റ് വേദങ്ങളുടെ ഉപയോഗവും വിധികളും ആണ് വിഷയങ്ങൾ.

    വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു "ഓത്ത്" എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്.  ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത,ഛന്ദസ്സ്,സ്വരം എന്നിവയുണ്ട്.

വേദ ഭാഗങ്ങൾ :- സംഹിത,ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്

വേദാംഗങ്ങൾ: - ശിക്ഷ, കല്പം,വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്

ഉപവേദങ്ങൾ: ആയുർവേദം, ധനുർവേദം, ഗന്ധർവ്വവേദം, അർത്ഥശാസ്ത്രം

Saturday, 28 October 2017

മഹാദേവൻ(ശിവൻ)

ഹൈന്ദവവിശ്വാസം അനുസരിച്ച്ത്രിമൂർത്തികളിൽ പ്രധാനിയും സംഹാരത്തിന്റെ മൂർത്തിയുമാണ് പരബ്രഹ്മമൂർത്തിയായ "പരമശിവൻ". ശിവം എന്നതിന്റെ അർത്ഥം മംഗളകരമായത്‌ എന്നാണ്. പൊതുവേ തമോഗുണ സങ്കൽപ്പത്തിലാണ് ശിവനെ കാണുന്നത്. പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസിലാവുന്നത്. പരബ്രഹ്മം, ഓംകാരം എന്നിവ ലോകനാഥനായ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ പരാശക്തിയുമായ ദേവി പാർവ്വതിയുമായിവിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതിയും) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്. ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ശൈവർ ആരാധിക്കുന്നത്. അതിനാൽ മഹേശ്വരൻ എന്നും വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു. ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ ത്രിശൂലം സദാ വഹിയ്ക്കുന്നു.നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ "വാസുകി". ശിവൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി അസുരന്മാരെനിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ഭാരതത്തിൽ ശിവലിംഗത്തെ പൂജിയ്ക്കുന്ന ഒരു സമ്പ്രദായമുണ്ട്. ശിവലിംഗം ആദിയും അന്തവും ഇല്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായി ശൈവർ കരുതുന്നു. ശിവന്റെ ആയുസ് വിഷ്ണുവിന്റെ ആയുസിന്റെ ഇരട്ടിയാണ്. ഓരോ കല്പത്തിന്റെ അന്ത്യത്തിലും‍ ശിവനുൾപ്പെടെ ത്രിമൂർത്തികൾ ഭഗവാന്റെ തന്നെ പ്രകൃതിയായ ആദിപരാശക്തിയിൽ  ലയിച്ചു ചേരുകയും; അടുത്ത സൃഷ്ടികാലത്ത് മഹാമായയുടെ ത്രിഗുണങ്ങൾക്കനുസരിച്ചു വീണ്ടും അവതരിക്കും എന്നതാണ് വിശ്വാസം. രജോഗുണമുള്ള ബ്രഹ്മാവ്,  സത്വഗുണമുള്ള വിഷ്ണു, തമോഗുണമുള്ള ശിവൻ       എന്നിവരാണ് ത്രിമൂർത്തികൾ.   ഭൈരവൻ,ഭദ്രകാളി, വീരഭദ്രൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ.ഗണപതി, സുബ്രഹ്മണ്യൻ,ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ. ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ "നീലകണ്ഠൻ" എന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ "മൃത്യുഞ്ജയൻ" എന്നും വിളിക്കുന്നു. ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന "മൃതുഞ്ജയഹോമം" ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്.

Wednesday, 20 September 2017

ദുർഗ്ഗാദേവി


                  ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ   രൗദ്ര രൂപമാണ് ആദിപരാശക്തിയെന്ന ദുർഗ്ഗാദേവി. മഹിഷാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ്‌ വിശ്വാസം. പതിനാറ് കൈകൾ ഉള്ളതുംസിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗ്ഗദേവിയെ കണക്കാക്കുന്നത്. ദുഃഖനാശിനിയും ആപത്ത് അകറ്റുന്നവളുമാണ് ദുർഗ്ഗാദേവി എന്ന് ദേവി ഭാഗവതം പറയുന്നു. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് ഭാവങ്ങളും ദേവിക്കുണ്ട്. സൽക്കർമങ്ങൾ ചെയ്യുവാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായാണ് മൂന്ന് ദേവീ രൂപങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നവരാത്രികാലത്ത് ഒൻപത് ഭാവങ്ങളിലും ആദിശക്തി മാതാവിനെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ".

              "മഹാമായ, പരാശക്തി, ലളിത, ഭുവനേശ്വരി, ജഗദംബ, ചണ്ഡിക, അമ്മൻ, കാളിക, അന്നപൂർണേശ്വരി, നാരായണി, പ്രകൃതി, കുണ്ഡലിനി" തുടങ്ങി പല പേരുകളിലും ദുർഗ്ഗ അറിയപ്പെടുന്നു.

ഐതിഹ്യം
*********************
           മഹിഷാസുരനെ വധിക്കാന്‍ എന്തു ചെയ്യണമെന്ന് ചോദിച്ച്, ബ്രഹ്മാവും മഹേശ്വരനും ഇന്ദ്രാദികളും കൂടി വൈകുണ്ഠത്തില്‍ ചെന്ന് മഹാവിഷ്ണുവിനെ കണ്ടു. ”ഒരു സ്ത്രീയില്‍ നിന്നേ മഹിഷാസുരന് മരണം സംഭവിക്കൂ”എന്ന വരം താന്‍ മഹിഷാസുരന് നല്‍കിയിട്ടുണ്ടെന്ന് ബ്രഹ്മാവ് മഹാവിഷ്ണുവിനോട് പറഞ്ഞു. ആ വരം കിട്ടിയ മഹിഷാസുരന്‍ ”സ്ത്രീ വെറും അബലയല്ലേ?”എന്ന ചിന്തയാല്‍ മരണഭയം കൂടാതെ അഹങ്കാരിയായി.
എന്തു ചെയ്യണമെന്ന് ഏവരും ചിന്തിച്ചു നില്‍ക്കുമ്പോള്‍ ബ്രഹ്മാവിന്റെ മുഖത്തുനിന്നും അതിയായ ഒരു തേജസുണ്ടായി. രക്തനിറത്തിലുള്ള അതിന്റെ പ്രകാശം സഹിക്കുവാന്‍ കഴിയാത്തതായിരുന്നു.
അപ്പോള്‍ മഹേശ്വരന്റെ ദേഹത്തുനിന്നും ഉഗ്രവും ഭയങ്കരവുമായ വെളുത്ത നിറത്തില്‍ ഒരു ഘോരരൂപിണി, മലപോലെ തമോഗുണിയായി പ്രത്യക്ഷയായി.അതുപോലെ, വിഷ്ണുശരീരത്തില്‍നിന്നും നീല നിറത്തില്‍ ആശ്ചര്യമായ ഒരു രൂപവും ഉണ്ടായി. അതുകണ്ട ദേവന്മാര്‍ ഓരോരുത്തരും ആശ്ചര്യചകിതരായി.
അപ്പോള്‍ വീണ്ടും ഇന്ദ്രന്‍, വരുണന്‍, കുബേരന്‍, യമന്‍, വഹ്നി മുതലായ ദിക്പാലകരില്‍നിന്നും തേജസുകള്‍ ഉണ്ടായി. ഇവയെല്ലാം ഒന്നായിത്തീര്‍ന്നു. അത് എല്ലാ ശ്രേഷ്ഠമായ ഗുണങ്ങളുമുള്ള ഒരു സ്ത്രീയായിത്തീര്‍ന്നു.  ശങ്കരന്റെ തേജസില്‍നിന്ന് വെളുത്ത ശോഭയുള്ള മുഖവും, യമതേജസില്‍നിന്ന് കറുത്ത ഇടതൂര്‍ന്ന നീണ്ട മുടിയുണ്ടായി.
അഗ്‌നിതേജസില്‍നിന്ന് മൂന്ന് കണ്ണുകളും വായുതേജസില്‍നിന്ന് ചുവന്ന ചുണ്ടുകളും, വിഷ്ണുതേജസില്‍നിന്ന് പതിനെട്ട് കൈകളും ഇന്ദ്രതേജസില്‍നിന്ന് മൂന്ന് മടക്കുള്ള വയറും (അത് സുന്ദരീലക്ഷണമാണ്), വരുണ തേജസില്‍നിന്ന് അതിമനോഹരമായ കണങ്കാലുകളും തുടയും അഗ്‌നിതേജസില്‍നിന്ന് നല്ല ആകാരവും ശബ്ദവും ഉണ്ടായി. ആ തേജോരൂപം കണ്ട വിഷ്ണുഭഗവാന്‍ ദേവന്മാരോട് പറഞ്ഞു- ”ഹേ, ദേവന്മാരെ! നിങ്ങളുടെ പക്കലുള്ള എല്ലാ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ആയുധങ്ങളും ഈ ദേവിക്ക്കൊടുക്കൂ”-
അതുകേട്ട പാലാഴി, ദേവിക്ക് ദിവ്യവും പുതിയതും, നേര്‍ത്തതുമായ ചുകന്ന പട്ടുവസ്ത്രവും നല്ല പവിഴമാലയും കൊടുത്തു. വിശ്വകര്‍മ്മാവ്, കോടിസൂര്യപ്രഭയുള്ള ചൂഡാമണിയും മുടിയില്‍ ചൂടാന്‍ കൊടുത്തു. പിന്നീട് നാനാ രത്നങ്ങള്‍ പതിച്ച കുണ്ഡലങ്ങള്‍ കാതിലണിയാനും, വളകള്‍, തോള്‍വളകള്‍ മുതലായവയും ആഭരണങ്ങളായി വിശ്വകര്‍മ്മാവ് കൊടുത്തു. കാലുകളില്‍ അണിയാന്‍ ശബ്ദിക്കുന്ന, സൂര്യനെപ്പോലെ തിളങ്ങുന്ന പൊന്‍ചിലമ്പുകള്‍ ത്വഷ്ടാവു കൊടുത്തു.
കഴുത്തിലണിയാന്‍ തിളങ്ങുന്ന രത്നമാലയും മോതിരങ്ങളും ഗന്ധം നശിക്കാത്തതും വാടാത്തതുമായ അതിദിവ്യമായ താമരമാലയും മഹാര്‍ണവം കൊടുത്തു.  ഇതെല്ലാം കണ്ട ഹിമവാനാകട്ടെ, തന്റെ ഗുഹകളില്‍ പാര്‍ക്കുന്ന നല്ല ലക്ഷണമൊത്ത സിംഹത്തേയും ദേവിക്ക് വാഹനമായി കൊടുത്തു. അങ്ങനെ സര്‍വാഭരണവിഭൂഷിതയായി സ്വര്‍ണവര്‍ണമുള്ള ആ സിംഹത്തിന്റെ പുറത്ത് ദേവി ആസനസ്ഥയായി.

      മഹാവിഷ്ണു തന്റെ സുദര്‍ശനചക്രം ദേവിക്ക് നല്‍കി. ശ്രീ പരമേശ്വരന്‍ തൃശൂലവും ഇന്ദ്രന്‍ വജ്രായുധവും ബ്രഹ്മാവ് ഗംഗാജലം നിറച്ച കമണ്ഡലുവും വരുണന്‍ പാശവും (കയറ്) വാളും പരിചയും കൊടുത്തു. വിശ്വകര്‍മ്മാവ് തന്റെ മൂര്‍ച്ചയുള്ള മഴുവും. കുബേരൻ അമൃത് നിറച്ച രത്നപാത്രം  ദേവിക്ക് നല്‍കി.
            ക്രോധം, ദ്വേഷം, രാഗം മുതലായ ശത്രുക്കളില്ലാതാകാന്‍ നമുക്ക് ഈ നവരാത്രിദേവിയെ ഭജിയ്ക്കാം!

   'സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീം വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ.’

Thursday, 10 August 2017

ബ്രഹ്മദേവൻ


ബ്രഹ്മാവ്
*************
                     ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാ‍ണ് ബ്രഹമാവ്.                            ബ്രഹ്മപുരാണംഅനുസരിച്ച് ബ്രഹ്മാവ് മനുവിനെസൃഷ്ടിക്കുകയും മനുവിലൂടെ സകല മനുഷ്യരാശിയും സൃഷ്ടിച്ചതായും പ്രസ്താവിച്ചിരിക്കുന്നു. രാമായണത്തിലും മഹാഭാരതത്തിലും മാനവ സൃഷ്ടി ബ്രഹ്മാവിലൂടെയെന്ന് പ്രതിപാദിക്കുന്നു. വേദാന്തത്തിൽ പറയപ്പെടുന്ന ബ്രഹ്മം‌ എന്നതിന് ഇദ്ദേഹവുമായി തുലനം ചെയ്യാനാകില്ല കാരണമത് പുരുഷ സങ്കല്പമേയല്ല. അത് നിരാകാരമായതാണ്. ബ്രഹ്മാവിന്റെ പത്നി വിദ്യയുടെ ദേവതയായ സരസ്വതിദേവിയാണ്.സരസ്വതിദേവിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബദത്തിന്റെയും സംസാരശക്തിയുടെയും ദേവനായും കരുതിവരുന്നു.
         ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽ നിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദ്ദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.
      പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയം ജനിച്ചതായാണ് (സ്വയംഭൂ). വേറെ ചില സങ്കല്പം അനുസരിച്ച് ബ്രഹ്മാവ് ജലത്തിൽ ഒരു വിത്തായി ജനിച്ചതായി കരുതുന്നു. ഇതൊരു സ്വർണ്ണ അണ്ഡമാകുകയും അതിൽനിന്ന് ബ്രഹ്മാവ് അഥവാ ഹിരണ്യഹർഭൻ ജനിക്കുകയും ക്രമേണ ഈ അണ്ഡം വികസിച്ച് ബ്രഹ്മാണ്ഡം ആകുകയും ചെയ്തു എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവാ‍യ ബ്രഹ്മാവ് ഉണ്ടായതെന്നും ചില കഥകൾ ഉണ്ട്
ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവർഷം എന്നോ രണ്ടു പരാർദ്ധം എന്നോ കണക്കാക്കുന്നു. രണ്ടു പരാർദ്ധം ഏകദേശം മൂന്നൂറു കോടികോടി വർഷങ്ങളാണ്‌. ബ്രഹ്മാവിന്റെ ഒരു ദിവസം തന്നെ 2000 ചതുർയുഗങ്ങളാണെന്നും പറയപ്പെടുന്നു.