ബ്രഹ്മാവ്
*************
ഹിന്ദുമതത്തിൽ സൃഷ്ടി കർത്താവാണ് ബ്രഹമാവ്. ബ്രഹ്മപുരാണംഅനുസരിച്ച് ബ്രഹ്മാവ് മനുവിനെസൃഷ്ടിക്കുകയും മനുവിലൂടെ സകല മനുഷ്യരാശിയും സൃഷ്ടിച്ചതായും പ്രസ്താവിച്ചിരിക്കുന്നു. രാമായണത്തിലും മഹാഭാരതത്തിലും മാനവ സൃഷ്ടി ബ്രഹ്മാവിലൂടെയെന്ന് പ്രതിപാദിക്കുന്നു. വേദാന്തത്തിൽ പറയപ്പെടുന്ന ബ്രഹ്മം എന്നതിന് ഇദ്ദേഹവുമായി തുലനം ചെയ്യാനാകില്ല കാരണമത് പുരുഷ സങ്കല്പമേയല്ല. അത് നിരാകാരമായതാണ്. ബ്രഹ്മാവിന്റെ പത്നി വിദ്യയുടെ ദേവതയായ സരസ്വതിദേവിയാണ്.സരസ്വതിദേവിയുമായി ചേർന്നുനിൽക്കുന്ന സങ്കല്പം ആയതുകൊണ്ടുതന്നെ ശബദത്തിന്റെയും സംസാരശക്തിയുടെയും ദേവനായും കരുതിവരുന്നു.
ബ്രഹ്മാവിന്റെ വ്യത്യസ്ത അവയവങ്ങളിൽ നിന്നു ജനിച്ച പ്രജാപതിമാർ പിതാവിന്റെ നിർദ്ദേശപ്രകാരം പ്രപഞ്ചസൃഷ്ടിയിൽ വ്യാപൃതരാവുകയും വൈവിധ്യമാർന്ന ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവിർഭാവത്തിനു കാരണമാവുകയും ചെയ്തു.
പുരാണങ്ങൾ അനുസരിച്ച് ബ്രഹ്മാവ് സ്വയം ജനിച്ചതായാണ് (സ്വയംഭൂ). വേറെ ചില സങ്കല്പം അനുസരിച്ച് ബ്രഹ്മാവ് ജലത്തിൽ ഒരു വിത്തായി ജനിച്ചതായി കരുതുന്നു. ഇതൊരു സ്വർണ്ണ അണ്ഡമാകുകയും അതിൽനിന്ന് ബ്രഹ്മാവ് അഥവാ ഹിരണ്യഹർഭൻ ജനിക്കുകയും ക്രമേണ ഈ അണ്ഡം വികസിച്ച് ബ്രഹ്മാണ്ഡം ആകുകയും ചെയ്തു എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ നാഭിയിൽ നിന്നാണ് സൃഷ്ടി കർത്താവായ ബ്രഹ്മാവ് ഉണ്ടായതെന്നും ചില കഥകൾ ഉണ്ട്
ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവർഷം എന്നോ രണ്ടു പരാർദ്ധം എന്നോ കണക്കാക്കുന്നു. രണ്ടു പരാർദ്ധം ഏകദേശം മൂന്നൂറു കോടികോടി വർഷങ്ങളാണ്. ബ്രഹ്മാവിന്റെ ഒരു ദിവസം തന്നെ 2000 ചതുർയുഗങ്ങളാണെന്നും പറയപ്പെടുന്നു.