Wednesday, 20 September 2017

ദുർഗ്ഗാദേവി


                  ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ   രൗദ്ര രൂപമാണ് ആദിപരാശക്തിയെന്ന ദുർഗ്ഗാദേവി. മഹിഷാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ്‌ വിശ്വാസം. പതിനാറ് കൈകൾ ഉള്ളതുംസിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗ്ഗദേവിയെ കണക്കാക്കുന്നത്. ദുഃഖനാശിനിയും ആപത്ത് അകറ്റുന്നവളുമാണ് ദുർഗ്ഗാദേവി എന്ന് ദേവി ഭാഗവതം പറയുന്നു. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് ഭാവങ്ങളും ദേവിക്കുണ്ട്. സൽക്കർമങ്ങൾ ചെയ്യുവാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായാണ് മൂന്ന് ദേവീ രൂപങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നവരാത്രികാലത്ത് ഒൻപത് ഭാവങ്ങളിലും ആദിശക്തി മാതാവിനെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ".

              "മഹാമായ, പരാശക്തി, ലളിത, ഭുവനേശ്വരി, ജഗദംബ, ചണ്ഡിക, അമ്മൻ, കാളിക, അന്നപൂർണേശ്വരി, നാരായണി, പ്രകൃതി, കുണ്ഡലിനി" തുടങ്ങി പല പേരുകളിലും ദുർഗ്ഗ അറിയപ്പെടുന്നു.

ഐതിഹ്യം
*********************
           മഹിഷാസുരനെ വധിക്കാന്‍ എന്തു ചെയ്യണമെന്ന് ചോദിച്ച്, ബ്രഹ്മാവും മഹേശ്വരനും ഇന്ദ്രാദികളും കൂടി വൈകുണ്ഠത്തില്‍ ചെന്ന് മഹാവിഷ്ണുവിനെ കണ്ടു. ”ഒരു സ്ത്രീയില്‍ നിന്നേ മഹിഷാസുരന് മരണം സംഭവിക്കൂ”എന്ന വരം താന്‍ മഹിഷാസുരന് നല്‍കിയിട്ടുണ്ടെന്ന് ബ്രഹ്മാവ് മഹാവിഷ്ണുവിനോട് പറഞ്ഞു. ആ വരം കിട്ടിയ മഹിഷാസുരന്‍ ”സ്ത്രീ വെറും അബലയല്ലേ?”എന്ന ചിന്തയാല്‍ മരണഭയം കൂടാതെ അഹങ്കാരിയായി.
എന്തു ചെയ്യണമെന്ന് ഏവരും ചിന്തിച്ചു നില്‍ക്കുമ്പോള്‍ ബ്രഹ്മാവിന്റെ മുഖത്തുനിന്നും അതിയായ ഒരു തേജസുണ്ടായി. രക്തനിറത്തിലുള്ള അതിന്റെ പ്രകാശം സഹിക്കുവാന്‍ കഴിയാത്തതായിരുന്നു.
അപ്പോള്‍ മഹേശ്വരന്റെ ദേഹത്തുനിന്നും ഉഗ്രവും ഭയങ്കരവുമായ വെളുത്ത നിറത്തില്‍ ഒരു ഘോരരൂപിണി, മലപോലെ തമോഗുണിയായി പ്രത്യക്ഷയായി.അതുപോലെ, വിഷ്ണുശരീരത്തില്‍നിന്നും നീല നിറത്തില്‍ ആശ്ചര്യമായ ഒരു രൂപവും ഉണ്ടായി. അതുകണ്ട ദേവന്മാര്‍ ഓരോരുത്തരും ആശ്ചര്യചകിതരായി.
അപ്പോള്‍ വീണ്ടും ഇന്ദ്രന്‍, വരുണന്‍, കുബേരന്‍, യമന്‍, വഹ്നി മുതലായ ദിക്പാലകരില്‍നിന്നും തേജസുകള്‍ ഉണ്ടായി. ഇവയെല്ലാം ഒന്നായിത്തീര്‍ന്നു. അത് എല്ലാ ശ്രേഷ്ഠമായ ഗുണങ്ങളുമുള്ള ഒരു സ്ത്രീയായിത്തീര്‍ന്നു.  ശങ്കരന്റെ തേജസില്‍നിന്ന് വെളുത്ത ശോഭയുള്ള മുഖവും, യമതേജസില്‍നിന്ന് കറുത്ത ഇടതൂര്‍ന്ന നീണ്ട മുടിയുണ്ടായി.
അഗ്‌നിതേജസില്‍നിന്ന് മൂന്ന് കണ്ണുകളും വായുതേജസില്‍നിന്ന് ചുവന്ന ചുണ്ടുകളും, വിഷ്ണുതേജസില്‍നിന്ന് പതിനെട്ട് കൈകളും ഇന്ദ്രതേജസില്‍നിന്ന് മൂന്ന് മടക്കുള്ള വയറും (അത് സുന്ദരീലക്ഷണമാണ്), വരുണ തേജസില്‍നിന്ന് അതിമനോഹരമായ കണങ്കാലുകളും തുടയും അഗ്‌നിതേജസില്‍നിന്ന് നല്ല ആകാരവും ശബ്ദവും ഉണ്ടായി. ആ തേജോരൂപം കണ്ട വിഷ്ണുഭഗവാന്‍ ദേവന്മാരോട് പറഞ്ഞു- ”ഹേ, ദേവന്മാരെ! നിങ്ങളുടെ പക്കലുള്ള എല്ലാ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ആയുധങ്ങളും ഈ ദേവിക്ക്കൊടുക്കൂ”-
അതുകേട്ട പാലാഴി, ദേവിക്ക് ദിവ്യവും പുതിയതും, നേര്‍ത്തതുമായ ചുകന്ന പട്ടുവസ്ത്രവും നല്ല പവിഴമാലയും കൊടുത്തു. വിശ്വകര്‍മ്മാവ്, കോടിസൂര്യപ്രഭയുള്ള ചൂഡാമണിയും മുടിയില്‍ ചൂടാന്‍ കൊടുത്തു. പിന്നീട് നാനാ രത്നങ്ങള്‍ പതിച്ച കുണ്ഡലങ്ങള്‍ കാതിലണിയാനും, വളകള്‍, തോള്‍വളകള്‍ മുതലായവയും ആഭരണങ്ങളായി വിശ്വകര്‍മ്മാവ് കൊടുത്തു. കാലുകളില്‍ അണിയാന്‍ ശബ്ദിക്കുന്ന, സൂര്യനെപ്പോലെ തിളങ്ങുന്ന പൊന്‍ചിലമ്പുകള്‍ ത്വഷ്ടാവു കൊടുത്തു.
കഴുത്തിലണിയാന്‍ തിളങ്ങുന്ന രത്നമാലയും മോതിരങ്ങളും ഗന്ധം നശിക്കാത്തതും വാടാത്തതുമായ അതിദിവ്യമായ താമരമാലയും മഹാര്‍ണവം കൊടുത്തു.  ഇതെല്ലാം കണ്ട ഹിമവാനാകട്ടെ, തന്റെ ഗുഹകളില്‍ പാര്‍ക്കുന്ന നല്ല ലക്ഷണമൊത്ത സിംഹത്തേയും ദേവിക്ക് വാഹനമായി കൊടുത്തു. അങ്ങനെ സര്‍വാഭരണവിഭൂഷിതയായി സ്വര്‍ണവര്‍ണമുള്ള ആ സിംഹത്തിന്റെ പുറത്ത് ദേവി ആസനസ്ഥയായി.

      മഹാവിഷ്ണു തന്റെ സുദര്‍ശനചക്രം ദേവിക്ക് നല്‍കി. ശ്രീ പരമേശ്വരന്‍ തൃശൂലവും ഇന്ദ്രന്‍ വജ്രായുധവും ബ്രഹ്മാവ് ഗംഗാജലം നിറച്ച കമണ്ഡലുവും വരുണന്‍ പാശവും (കയറ്) വാളും പരിചയും കൊടുത്തു. വിശ്വകര്‍മ്മാവ് തന്റെ മൂര്‍ച്ചയുള്ള മഴുവും. കുബേരൻ അമൃത് നിറച്ച രത്നപാത്രം  ദേവിക്ക് നല്‍കി.
            ക്രോധം, ദ്വേഷം, രാഗം മുതലായ ശത്രുക്കളില്ലാതാകാന്‍ നമുക്ക് ഈ നവരാത്രിദേവിയെ ഭജിയ്ക്കാം!

   'സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീം വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ.’