Saturday, 30 December 2017

തിരുവാതിര


          കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം.ഹൈന്ദവവിശ്വാസമനുസരിച്ച് ഈ നക്ഷത്രംപരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്.

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ,തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.

പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്.

ഐതിഹ്യം
******************  
       ദക്ഷയാഗത്തിൽ ക്ഷണിക്കാതെ പോയ  സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതീദേവിയായി പുനർജനിച്ച്, പരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി പരമേശ്വരനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി. ഈ സമയത്ത്, അസുരന്മാരുടെ ഉപദ്രവത്തിൽ നിന്നും ദേവന്മാരെ രക്ഷിക്കാൻ ശിവപുത്രന് മാത്രമേ സാധിക്കൂ എന്നതിനാൽ ദേവന്മാർ കാമദേവനോട് ശിവനേയും പാർവതിയേയും ഒന്നിപ്പിക്കാൻ അഭ്യർത്ഥിച്ചു. ആ അഭ്യർത്ഥന മാനിച്ച്കാമദേവൻ പുഷ്പബാണം അയക്കുകയും പാർവതിയിൽ അനുരക്തനാകുകയും ചെയ്തു. എന്നാൽ അതിന് കാരണക്കാരനായ കാമദേവനെ അദ്ദേഹം തൻറെ കോപാഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്തു. ഭർത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുന്നു. രതീദേവിയുടെവിലാപത്തിൽ ദേവസ്ത്രീകളും ദുഃഖിതരായി നോമ്പെടുത്ത് ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. തുടർന്ന് അദ്ദേഹം പാർവതീദേവിയെ അർദ്ധാംഗിനിയായി സ്വീകരിച്ചു.

       ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും വെറ്റില ചവച്ചും ഊഞ്ഞാലാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.


Thursday, 14 December 2017

വേദങ്ങൾ

              വൈദികസംസ്കൃതത്തിൽ  രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ.     'അറിയുക' എന്ന് അർത്ഥമുള്ള  'വിദ് '  എന്ന വാക്കിൽ നിന്നാ​ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.
വേദമാണു മാനവരാശിക്കു പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത്.  വേദകാലഘട്ടം ക്രിസ്തുവിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു.
സ്വാമി ദയാനന്ദസരസ്വതിയുടെ
(ആര്യസമാജ സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, ഭാരതീയജ്യോതിഷാനുസരണം വേദോല്പത്തി 197കോടി അഥവാ 1.97ബില്യൺവർഷങ്ങൾക്ക് മുൻപാണു. 

          കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം,സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ അഥർ‌വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീത യിലും പറയുന്നു.   വേദമാണ് ഹിന്ദുക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കൾവിശ്വസിക്കുന്നു.

ഋഗ്വേദം
***************
      സ്തുതിക്കുക എന്നർത്ഥമുള്ള 'ഋച്' എന്ന ധാതുവിൽ നിന്ന് ഉണ്ടായ പദമാണ് 'ഋക്". ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു.(ബി.സി.ഇ. 1500-നടുത്തോ അതിനു ശേഷമോ ആയിരിക്കണം ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്). ഇതിലെ കീർത്തനങ്ങളാണ് 'സംഹിതകൾ'. ദൈവത്തോട് പ്രാർത്ഥിക്കുന്നതരത്തിലുള്ള ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്. ഋഗ്വേദത്തെ മാക്സ് മുള്ളർ ഇംഗ്ലീഷിലേയ്ക്കും വള്ളത്തോൾ നാരായണമേനോൻ മലയാളത്തിലേയ്ക്കും വിവർത്തനം ചെയ്തു.10600 പദ്യങ്ങളുള്ള 1028 മന്ത്രങ്ങൾ അഥവാ സൂക്തങ്ങളും 10 മണ്ഡലങ്ങളും ഇതിലുണ്ട്. 'അഗ്നിമീളേ പുരോഹിതം' എന്നാരംഭിക്കുന്ന ഋഗ്വേദം 'യഥ വഹ്സുസഹാസതി' എന്ന് അവസാനിക്കുന്നു. വിശ്വാമിത്രനാൽ ചിട്ടപ്പെടുത്തപ്പെട്ട 'ഗായത്രീമന്ത്രം' ഇതിലെ ആറാം മണ്ഡലത്തിലാണ്. ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് 'പുരുഷസൂക്തം'. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ ബ്രഹ്മാവിന്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു.

യജുർവ്വേദം
******************
    നിരവധി ഗദ്യഭാഗങ്ങളുള്ള വേദമാണിത്. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു. യജുർവേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്റെ ഉപവേദമാണ് ധനുർവേദം. മന്ത്രദേവതാസിദ്ധികൾ, ആയുധവിദ്യകൾ എന്നിവ പരാമർശിക്കപ്പെടുന്നത് ഇതിലാണ്. യജുർവ്വേദം രണ്ടായി അറിയപ്പെടുന്നു അവ ശുക്ളയജുർവ്വേദം കൃഷ്ണയജുർവ്വേദം ഇവയാണ്.

സാമവേദം
***************
     യജ്ഞങ്ങൾ നടക്കുമ്പോൾ സ്തുതിക്കുന്ന അല്ലെങ്കിൽ ആലപിക്കുന്ന മന്ത്രങ്ങളാണ് സാമവേദത്തിൽ ഉളളത്.അവയിൽ പലതും ഋഗ്വേദസംബന്ധിയാണ്.

അഥർവവേദം
*****************
       അഥർവ്വ ഋഷിയുടെ പേരിലാണ് ഈവേദം അറിയപ്പെടുന്നത് ഈവേദത്തെക്കുറിച്ച് അനേകം അന്ധവിശ്വാസം നിലനിൽക്കുന്നു. അഥർവവേദം ഏറിയപങ്കും മറ്റ് വേദങ്ങളുടെ ഉപയോഗവും വിധികളും ആണ് വിഷയങ്ങൾ.

    വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു "ഓത്ത്" എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്.  ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത,ഛന്ദസ്സ്,സ്വരം എന്നിവയുണ്ട്.

വേദ ഭാഗങ്ങൾ :- സംഹിത,ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്

വേദാംഗങ്ങൾ: - ശിക്ഷ, കല്പം,വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്

ഉപവേദങ്ങൾ: ആയുർവേദം, ധനുർവേദം, ഗന്ധർവ്വവേദം, അർത്ഥശാസ്ത്രം