Sunday, 22 April 2018

ഏത്തമിടൽ

ഗണപതിഭഗവാന് ഏത്തമിടൽ
***********************
         വിഘ്നങ്ങളൊഴിയാന്‍ ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഭക്തര്‍ക്ക്‌ താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില്‍ പലര്‍ക്കും മടിയാണ് .

 അഥവാ ഏത്തമിട്ടാല്‍പ്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് പേരിന് ഏത്തമിടുക യാണ്  പതിവ്.

“വലം കയ്യാല്‍ വാമശ്രവണവുമിടം കൈവിരലിനാൽ വലം കാതും തൊട്ടക്കഴലിണ പിണച്ചുള്ള നിലയില
നിലം കൈമുട്ടാലെ പലകുറി തൊടുന്നേനടിയനിന്നലം കാരുണ്യാബ്ധേ! കളക മമ വിഘ്നം ഗണപതേ!”

 മേലുദ്ധരിച്ച ശ്ലോകത്തില്‍ പറയും പ്രകാരമാണ്  ഗണപതി ഭഗവാനെ ഏത്തമിടേണ്ടത്. അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം.

മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരുപതിവില്ല .എന്നാല്‍ ഗണപതി സന്നിധിയില്‍ ഇത് അതി പ്രധാനവുമാണ്.

ഇടതു കാലിന്‍മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്തു തൊടുവിച്ച് നില്‍ക്കണം. ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്.

സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ എത്തമിടാറുണ്ട്. എങ്കിലും പന്ത്രണ്ട് തന്നെയാണ്  ഉത്തമമെന്നു കരുതുന്നു.  പന്ത്രണ്ട് എന്ന   സംഖ്യ യഥാര്‍ഥത്തില്‍    ദ്വാദശാന്തപദ്മസ്ഥമായ ശിവപദത്തെ സൂചിപ്പിക്കുന്നതാണ്. ശിവപദംനേടാനുള്ള  ഉപാസനയുടെ വ്യത്യസ്തമായ മറ്റൊരു  സാധനയാണ്‌  ഏത്തമിടല്‍ എന്നും പറയാം.
ഇത്തരത്തില്‍ ചെയ്യുന്ന ഭക്തരില്‍ നിന്നും വിഘ്നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം

അമ്പലമണി

*അമ്പലമണിക്കു പിന്നിലെ ശാസ്ത്രം*
🔔🔔🔔🔔🔔🔔🔔🔔🔔🔔
ക്ഷേത്രത്തിലെത്തിയാല്‍ മണി അടിക്കുക എന്നത് ഭക്തരില്‍ പലരും മറക്കാതെ ചെയ്യുന്ന കാര്യമാണ്. ദീപാരാധന സമയത്തും പൂജാവേളയിലും ക്ഷേത്രത്തില്‍ മണി മുഴക്കാറുണ്ട്. ഒരു ആചാരം എന്നനിലയില്‍ ഇങ്ങനെ ചെയ്യുന്നു എന്നതിനപ്പുറം ശാസ്ത്രീയമായ ചില കാരണങ്ങളാണ് ക്ഷേത്രത്തില്‍ മണി അടിക്കുന്നതിനു പിന്നിലുളളത്.

കാഡ്മിയം, നിക്കല്‍, കോപ്പര്‍, സിങ്ക്, ക്രോമിയം, മാംഗനൈസ് തുടങ്ങിയ ലോഹങ്ങള്‍ പ്രത്യക അളവില്‍ ചേര്‍ത്താണ് അമ്പലമണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലെ ഈ പ്രത്യകതകള്‍ കൊണ്ട് അമ്പലമണികള്‍ മുഴക്കുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം മനുഷ്യരുടെ ബ്രെയിനിലെ ഇടതു- വലതു ഭാഗങ്ങള്‍ക്കിടയില്‍ ഒരു ഏകതരൂപപ്പെടുത്തുന്നു. മണിമുഴക്കുമ്പോള്‍ ഉണ്ടാകുന്ന പ്രചോദിപ്പിക്കുന്നതും തുളച്ചുകയറുന്നതുമായ, ഓംകാരത്തെ സൂചിപ്പിക്കുന്ന ശബ്ദം കുറഞ്ഞത് ഏഴു സെക്കന്റെങ്കിലും പ്രതിധ്വനി രൂപത്തില്‍ നമ്മുടെ കാതുകളില്‍ നിലനില്ക്കും. എക്കോരുപത്തിലുളള ഈ ശബ്ദം മനുഷ്യശരീരത്തിലെ എല്ലാ ഹീലിംഗ് സെന്ററുകളെയും ഉണര്‍ത്താന്‍ പര്യാപ്തമാണ്. ഏഴു ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ മനുഷ്യമസ്തിഷ്‌ക്കം അല്പസമയത്തേക്ക് ചിന്തകള്‍ അകന്ന നിലയിലേക്കെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന ഏകാഗ്രതയില്‍ മനസ് ധ്യാനത്തിന്റെ അവസ്ഥയിലേക്ക് ചെന്നെത്തുന്നു. തെറ്റായചിന്തകള്‍ അകന്നു പോകുന്നു. നെഗറ്റീവ് ചിന്തകളെ അകറ്റാനുളള മാര്‍ഗ്ഗമാണ് അമ്പല മണികള്‍..

 മണിമുഴങ്ങുന്ന ശബ്ദം ബ്രെയിനും ശരീരത്തിനും ഏകാഗ്രത നല്‍കി ഉണര്‍വേകുന്നു. ഈശ്വരചിന്തയില്‍ മാത്രം മനസ് അര്‍പ്പിക്കാന്‍ കഴിയണം എന്ന ഉദ്ദ്യേശ്യവും അമ്പലമണികളുടെ പിന്നിലുണ്ട്.

മണിമുഴക്കുന്നതിലൂടെ വിഗ്രഹത്തിലെ ദൈവിക ശക്തി ഉണരുമെന്നും, ഭക്തന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിയും എന്നും ഒരു വിശ്വാസമുണ്ട്. നൂറ് ജന്മങ്ങളിലെ പാപങ്ങളെ ഇല്ലാതാക്കാനുളള കഴിവ് അമ്പലമണികള്‍ക്കുണ്ടെന്നാണ് സ്‌കന്ദപുരാണം പറയുന്നത്.

 ധര്‍മ്മശാസ്ത്രപ്രകാരം കാലത്തിന്റെ ചിഹ്നമാണ് അമ്പലമണികള്‍. പ്രളയത്തിന്റെ ലോകാവസാനകാലത്ത് കോടി മണികളുടെ ശബ്ദം പ്രപഞ്ചത്തെ പ്രകമ്പം കൊള്ളിക്കുമെന്നും പറയുന്നു.

അമ്പലമണിയുടെ ഓരോഭാഗങ്ങളും വ്യത്യസ്ഥ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മണി, ശരീരത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ മണിയുടെ നാവ്, ദേവി സരസ്വതിയെയും പിടിഭാഗം, പ്രാണശക്തിയെയുമാണ് സൂചിപ്പിക്കുന്നത്.

 ഹനുമാന്‍, ഗരുഡന്‍, ചക്രങ്ങള്‍ എന്നിവയെയും അമ്പലമണി പ്രതിനിധാനം ചെയ്യുന്നുണ്ട്.