Monday, 24 July 2017

തിരുനാവായ നാവാമുകുന്ദ ക്ഷേത്രം


            മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠൽ. വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദ പെരുമാളായി നിന്ന തിരുക്കോലത്തില്‍ കുടികൊള്ളുന്നു. ‘തിരുനവയോഗി’ എന്നു പറയെപ്പെട്ടിരുന്നത് പിന്നീട് ലോപിച്ച് ‘തിരുനാവായ’ എന്നുമായിമാറിയെന്ന് ഒരു ഐതിഹ്യം.
ലക്ഷ്മി സമേതനായ നാരായണന്റെ സങ്കല്പമാണ് നാവാമുകുന്ദന്റേത്. ലക്ഷ്മിനാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകള്‍ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകള്‍ അപൂര്‍വ്വമത്രേ. ഇതിനാധാരമായി പറയപ്പെടുന്നത് നവാമുകുന്ദന്റെ ഭക്ത വാത്സല്യം വെളിപ്പെടുത്തുന്ന ഒരു കഥയാണ്

        വിഷ്ണുഭക്തനായ ആദിഗണേശന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നിളയില്‍ സ്‌നാനം ചെയ്ത്, അടുത്തുള്ള താമരപൊയ്കയില്‍ നിന്നും നവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കള്‍ പറിച്ചുകൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തില്‍ അര്‍ച്ചന നടത്തിയിരുന്നു.ഒരു അക്ഷയത്രീതീയ നാള്‍ താമരപ്പൂക്കള്‍ ശേഖരിക്കാന്‍ ചെന്നപ്പോള്‍, മറ്റാരോ താമരപ്പൂക്കള്‍ പറിച്ചതിനാല്‍, ആദിഗണേശന് താമരപ്പൂവ് ഒന്നും ലഭിച്ചില്ല. ഇതില്‍ കുണ്ഠിതനായ ഗണേശന്‍ തന്റെ സങ്കടം നവാമുകുന്ദനോട് ഉണര്‍ത്തിക്കാന്‍ ചെന്നപ്പോള്‍ മുകുന്ദവിഗ്രഹം താമരപ്പൂക്കളാല്‍ മൂടിയിരിക്കുന്നതായി കണ്ടു. തനിക്ക് മുന്‍പ് ആരോ താമരപ്പൂക്കള്‍ പറിച്ച് അര്‍ച്ചന നടത്തിയതായി മനസ്സിലായി. അതില്‍ മനം നൊന്ത് അദ്ദേഹം മുകുന്ദപാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. തന്റെ ദുര്‍വിധിക്ക് കാരണം എന്താണെന്നും, അതു പരിഹരിക്കാന്‍ തനിക്ക് കഴിവുണ്ടാക്കിതരണം എന്നും വിലപിച്ച് കൊണ്ട് ആദിഗണേശന്‍ ശ്രീമുകുന്ദനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. നവാമുകുന്ദന്‍ പ്രത്യക്ഷനായി.
തന്റെ പ്രിയപത്‌നി ശ്രീമഹാലഷ്മി, ആദിഗണേശനെഴുന്നേല്‍ക്കുന്നതിനുമുമ്പുതന്നെ താമരപ്പൂക്കള്‍ ശേഖരിച്ച് അര്‍പ്പിച്ചതാണ്. തനിക്ക് തന്റെ ഭക്തന്മാരോടുള്ള അമിത സ്‌നേഹവാത്സല്യങ്ങള്‍ കണ്ട്, അതില്‍ അസൂയ പൂണ്ട്, അത്രയും സ്‌നേഹവാത്സല്യങ്ങള്‍ ദേവിക്കും കിട്ടണം എന്ന ആഗ്രഹത്താലാണ് ദേവി അങ്ങനെ ചെയ്തതെന്നും ഭഗവാന്‍ അരുളിച്ചെയ്തു. തനിക്ക് നവാമുകുന്ദാര്‍ച്ചന നടത്താന്‍ താമരപ്പൂക്കള്‍ ലഭിക്കാതെ വരരുതേ എന്ന ആദിഗണേശന്റെ പ്രാര്‍ത്ഥന ഭഗവാന്‍ സ്വീകരിച്ചു. ഇനിമേലില്‍ ശ്രീഗണേശന് നിര്‍വിഘ്‌നം താമരപ്പൂക്കള്‍ ലഭിക്കുമെന്നനുഗ്രഹിച്ച് ശ്രീ മഹാലക്ഷ്മിയെ തന്റെ വാമഭാഗത്ത് കുടിയിരുത്തി എന്നാണ് സങ്കല്പം.

തിരുനാവായില്‍ ഭഗവാനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതിപ്പോരുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കള്‍ ഭഗവാന്‍ അര്‍പ്പിയ്ക്കാന്‍ സമ്മതിക്കാത്ത ലക്ഷ്മീദേവി ഇവിടെ മലര്‍ മങ്കൈ നാച്ചിയാര്‍ എന്നും അറിയപ്പെടുന്നു. ഭഗവാനോടൊപ്പം ശിവനെയും ഇവിടെ കാണാന്‍ സാധി്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട്.
അത്യപൂര്‍വമായ ഒരു ശിലയില്‍ തീര്‍ത്ത വിഗ്രഹമാണ്. എന്നാല്‍ ഇപ്പോള്‍ പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിരിക്കുന്നു.  നില്‍ക്കുന്ന രൂപത്തിലാണ് വിഗ്രഹം. ചതുര്‍ബാഹുവായ ഭഗവാന്‍ ശംഖചക്രഗദാപദ്മങ്ങള്‍ ധരിച്ചിരിയ്ക്കുന്നു. ഈ പ്രതിഷ്ഠയ്ക്കുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്. നവയോഗികള്‍ എന്നറിയപ്പെടുന്ന സഹോദരന്മാരായ ഒമ്പത് സന്യാസിമാര്‍ (കവി, ഹരി, അംബരീഷന്‍, പ്രബുദ്ധന്‍, പിപ്പലായനന്‍, ആവിര്‍ഭൂത്രന്‍, ഭൂമിളന്‍, ചമസ്സന്‍, കരഭാജന്‍) ഓരോരുത്തരും അവരവരുടേതായി ഓരോ വിഷ്ണുവിഗ്രഹം സൂക്ഷിച്ചിരുന്നു. അവര്‍ ഓരോരുത്തരും തങ്ങളുടേതായ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. എന്നാല്‍ പ്രതിഷ്ഠ കഴിഞ്ഞ ഉടനെ അവ അന്തര്‍ദ്ധാനം ചെയ്തു. കൃത്യമായ ചിട്ടകളൊന്നുമില്ലാതെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്തിയതുകാരണമാണ് അവ അന്തര്‍ദ്ധാനം ചെയ്തതെന്ന് നവയോഗികളിലെ ഇളയവനായ കരഭാജന്‍ മനസ്സിലാക്കി. അതായത് അഭിഷേകം, അര്‍ച്ചന, നിവേദ്യം, ദീപം തുടങ്ങിയവ പ്രതിഷ്ഠാകര്‍മ്മത്തിന് നിര്‍ബന്ധങ്ങളാണ്. അവയൊന്നുമില്ലാതെ പ്രതിഷ്ഠ നടത്തിയതാണ് അന്തര്‍ദ്ധാനത്തിന് കാരണം. തുടര്‍ന്ന് അദ്ദേഹം തന്റെ കൈവശമുള്ള വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചപ്പോള്‍ നിളാനദിയിലെ (ഭാരതപ്പുഴ) ജലം കൊണ്ട് അഭിഷേകവും താമരപ്പൂക്കള്‍ കൊണ്ട് അര്‍ച്ചനയും നടത്തി പാല്‍പായസം നേദിച്ച് നെയ്യവിളക്ക് കത്തിച്ചാണ് പ്രതിഷ്ഠാകര്‍മ്മം നടത്തിയത്. ഇന്നും കാലാവസ്ഥാഭേദമെന്യേ ക്ഷേത്രത്തില്‍ അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിക്കുന്നത് ഭാരതപ്പുഴയിലെ ജലമാണ്. അതിനാല്‍ ക്ഷേത്രത്തില്‍ കുളവും കിണറുമില്ല.

       ഉപദേവതകൾ
*********************
മഹാലക്ഷ്മി ദേവി
ആദിഗണേശ ഭഗവാൻ
അയ്യപ്പസ്വാമി (അടുത്തു മറ്റൊരു ക്ഷേത്രം)
ശിവക്ഷേത്രം (പുഴയുടെ അക്കരെ)
ബ്രഹ്മാ ക്ഷേത്രം (പുഴയുടെ അക്കരെ)

      പ്രധാന വഴിപാട്
***********************
താമരമാലനടന്നിരുന്നത് ഇതിനടുത്താണ്
താമരയില
പാൽപായസം

   പ്രത്യേകതകൾ
*************************
പിതൃകർമ്മങ്ങൾ നടത്തുന്നതിൽ പേരുകേട്ട ക്ഷേത്രം
മാമാങ്കം നടന്നിരുന്നത് ഇവിടെയാണ്

യാത്രാമാർഗ്ഗം
******************************
തിരൂരിൽ നിന്ന് 13km
കുറ്റിപ്പുറത്തുനിന്ന്‌ 7km
പുത്തനത്താണിയിൽ നിന്ന് 8km
റെയിൽവെ സ്റ്റേഷൻ - കുറ്റിപ്പുറം , തിരൂർ, തിരുനാവായ (പാസഞ്ചർ മാത്രം)
---------------------------------------------------------------------------------
                     തയ്യാറാക്കിയത്,
                             ഷിജിത്ത് പോത്തനൂർ
                                  Mob:9947663270
   
         


No comments:

Post a Comment