Wednesday, 19 July 2017

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം

               കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പേ (ബി.സി. 1000) വസിഷ്ഠ മഹര്‍ഷി ആയിരുന്നു.

ഐതിഹ്യം
~~~~~~~~~~~~~~~~~~~~~~~~~~~~~
                പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഈ ക്ഷേത്രം ഹനുമാന്‍ ക്ഷേത്രം എന്നാണ്  അറിയപ്പെടുന്നത്. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കൈയില്‍ ഒരു ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്റെ കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികള്‍ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ്, ധനം എന്നിവ നല്‍കും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂര്‍ത്തീകരണവും ആലത്തിയൂരിലെ ഹനുമാന്‍ നടത്തും എന്ന് വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രത്തില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമപ്രതിഷ്ഠ കിഴക്കോട്ട് ദര്‍ശനം.
ഹനുമാന്റെ ശ്രീകോവില്‍ അല്പം വടക്കുമാറിയാണ്.ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.

ഉപദേവതകൾ
~~~~~~~~~~~~~~~~~~~~~~~
ഗണപതി, അയ്യപ്പന്‍, ഭഗവതി, സുബ്രഹ്മണ്യന്‍, നാഗദൈവങ്ങള്‍ തുടങ്ങിയവരാണ് ഉപദേവതകള്‍.

പ്രധാന വഴിപാടുകൾ
~~~~~~~~~~~~~~~~~~~~~~~~
അവിൽ നിവേദ്യം. (ദിവസവും രാവിലെയും വൈകിട്ടും നടക്കും)  പാളയും കയറും. (ശ്വാസംമുട്ടൽ മാറാൻ) ചതുശ്ശതം. (ശ്രീരാമസ്വാമിക്ക്)
മറ്റ് വഴിപാടുകളും നടത്തിവരുന്നു.

ഉത്സവം
~~~~~~~~~~~~~~~~~~~~~~~~~~~
തുലാംമാസത്തിലെ തിരുവോണത്തിന് അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ് പ്രധാന ഉത്സവം. മീനമാസത്തിലെ അത്തത്തിന് പ്രതിഷ്ഠാദിനം ആഘോഷിച്ചുവരുന്നു.

യാത്രാമാർഗ്ഗം
~~~~~~~~~~~~~~~~~~~~~~~~~~~~~                          തിരൂര്‍ ചമ്രവട്ടം റോഡിൽ ആലത്തിയൂരിൽ നിന്നും 2km
റെയില്‍വേ സ്‌റ്റേഷന്‍ : തിരൂര്‍ (6km) വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (50 km)
 
                                   തെയ്യാറാക്കിയത്,
                                 ഷിജിത്ത് പോത്തനുർ
                                mob: 994766327

No comments:

Post a Comment